ഇവിടെ വന്നുപോയവർ ...

2013, നവംബർ 16, ശനിയാഴ്‌ച

ഉണ്ണിമോൾ കലക്കുന്നു.....


അമ്പലത്തിൽ പോകുമ്പോൾ ആനയുടെ മുമ്പിൽ കുട്ടിപ്പെണ്ണുങ്ങളും പയ്യൻസും കൂടി നില്ക്കുന്നത് കണ്ടപ്പോൾ ഉണ്ണിമോൾക്കും പോയിക്കാണണം എന്ന് ആശ.  മുൻപിൽ കൊണ്ട് നിർത്തി.

കുഞ്ഞൂസ് എല്ലാവരും പത്തു രൂപ പാപ്പാന് കൊടുത്തപ്പോൾ ആന ചെറുക്കൻ തലയിൽ തുമ്പിക്കൈ വെച്ച് അനുഗ്രഹിച്ചു.

അത് കണ്ടു ഉണ്ണിമോൾ അവളുടെ അച്ഛനെയും അമ്മയെയും നോക്കി,  അപ്പോൾ അച്ഛൻ ചോദിച്ചു മോൾക്ക്‌ ആനയുടെ അനുഗ്രഹം വേണോ? ഇന്നാ പത്തു രൂപ, പാപ്പാന് കൊടുക്ക്‌...

ഉണ്ണിമോൾ പറഞ്ഞു "എനിക്ക് ഇതൊന്നും വേണ്ട വീട്ടില് അപ്പുപ്പൻ അനുഗ്രഹിച്ചു പത്തു രൂപ കയ്യിലും തരും പിന്നെ ഞാൻ എന്തിനാ പത്തു രൂപ ആനക്കാരന് കൊടുത്തു അനുഗ്രഹം വാങ്ങുന്നെ? "

2013, ജൂൺ 9, ഞായറാഴ്‌ച

നായർ ദി ഗ്രേറ്റ് --- ഒരു ചുള്ളന്റെ കഥ


ഞാൻ നേരത്തെ പോസ്റ്റ്‌ ചെയ്തപ്പോൾ എന്റെ ബാംഗ്ലൂർ  ജീവിതത്തെ പറ്റി എഴുതിയിരുന്നല്ലോ.
ഞാൻ നായരെ കൂടാതെ അജി നായർ  മനു നായർ പിന്നെ ഒന്ന് രണ്ടു ചെറിയ നായർമാരും (ചിലരൊക്കെ വന്നും പോയും ഇരിക്കും -- ഞങ്ങൾ അവരെ ഒക്കെ നാടോടി നായർമാർ എന്ന് വിളിക്കും). 

നേരത്തെ ഒരിക്കൽ പറഞ്ഞത് പോലെ അജി നായർ ഒറ്റയ്ക്ക് തന്നെ ഒരു ഒന്നൊന്നര നായർ  ആയിരുന്നു.  ഒരു ജീവിച്ചിരിക്കുന്ന കാമദേവൻ - വഴിയെ പോകുന്ന എല്ലാ പെണ്‍കുട്ടികളും ആന്റിമാരും ഈ വഴി വരുന്നത് ഈ സുന്ദര പുരുഷനെ കണ്‍ കുളിർക്കെ കാണാൻ മാത്രം ആണെന്നാണ്‌ ഇദ്ദേഹത്തിന്റെ അഭിപ്രായം.

ആ സമയത്ത് ഈയുള്ളവൻ അല്പം research  നടത്തുക ആയിരുന്നതിനാൽ (ഹൌ ടു ബെഗ് ഫോർ എ ബെറ്റർ ജോബ്‌)))) ഈ സുന്ദര കളേബരന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ പറ്റിയിരുന്നില്ല.  എന്തായാലും ചില രസകരമായ സംഭവങ്ങൾ ഞാൻ ചേർക്കുന്നുണ്ട് - അതിൽ  ഒന്നാണ് ഇത്:.

മുൻ കുറിപ്പ് --- ഇതിലെ കഥാ പാത്രങ്ങൾ എല്ലാം ജീവിച്ചിരിക്കുന്നവരായാതിനാൽ വായിക്കുന്നവർ സ്വന്തം ജാമ്യത്തിലോ ആൾ ജാമ്യത്തിലോ വായിക്കുക.

അജി പുതിയ ഡ്രസ്സ്‌ വാങ്ങി.  അടിപൊളി കറുത്ത ജീൻസ് റോസു  കളർ ടി ഷർട്ട്‌ പിന്നെ കൂടെ അത്യാവശ്യം വേണ്ട മറ്റു "സാധനങ്ങളും".  അത് വാങ്ങിയപ്പോൾ മുതൽ അവനു അത് ഇടാഞ്ഞിട്ടു ചൊറിച്ചിലായി.  അവസാനം മനു പറഞ്ഞു "അജി നീ ഇത് ശനിയാഴ്ച ഇട്ടോണ്ട് എന്റെ ഓഫീസിൽ വാ.   അടിപൊളി കുട്ട്യോൾ ഒക്കെ അന്ന് വരും അവരെ ഒക്കെ പരിചയപ്പെടുത്താം".

ചെക്കനു സന്തോഷം ആയി.... സന്തോഷ്‌ എന്ന് പേരുള്ള എനിക്കും സന്തോഷം ആയി.  ഞങ്ങൾ 3 പേരും ശനിയാഴ്ച വൈകിട്ട് ഇന്ദിരാനഗർ 9th സ്ട്രീറ്റ്ൽ വൈകിട്ട് 5 മണിക്ക് ഒത്തു കൂടാം എന്ന് തീർച്ചപ്പെടുത്തി.

ശനിയാഴ്ച കൃത്യം 5 മണിക്ക് തന്നെ ഞാൻ മനുവിന്റെ ഓഫീസിലെത്തി റിസെപ്ഷനിൽ പറഞ്ഞിട്ട് വന്നു ഒരിടത് ഓരത്തിൽ സമാധാനമായി  ഇരുപ്പുറപ്പിച്ചു.  കാണാൻ അഴകുള്ള ചുള്ളത്തികളും ചുള്ളന്മാരും വന്നും പോയും -കൊണ്ടിരുന്നു - ഞാൻ അവരെ കണ്ടുംകൊണ്ടിരുന്നു, വേറെ എന്ത് ചെയ്യാൻ?


ഒരു പത്തു മിനിട്ട് കഴിഞ്ഞപ്പോൾ മനു ഇറങ്ങിവന്നു അവന്റെ ഷൂ വിന്റെ ഏരിയയില്നിന്നും ഒരു പത്തു അടി തള്ളി നിന്നുകൊണ്ട് ഞങ്ങൾ സംസാരിച്ചു. അവന്റെ കൂടെ ജോലി ചെയ്യുന്നവരൊക്കെ വരുന്നുമുണ്ട്.
അപ്പോഴേക്കും അജി വന്നു.  ബൈക്ക് ഒരു സൈഡ്ൽ വെച്ചിട്ട് കറുത്ത കൂളിംഗ്‌ ഗ്ലാസ്‌ (അല്പന് ഐശ്വര്യം വന്നാൽ ത്രിസ്സന്ധ്യക്കും കറുത്ത കൂളിംഗ്‌ ഗ്ലാസ്സ് വെക്കും എന്ന് ഒരു മഹാൻ പറഞ്ഞത് ഓർമ്മ  വന്നു) കറക്കി മൂക്കത്ത് വെച്ച് മുടി മാടി  ഒതുക്കി ഒരു കമലഹാസ്സൻ പോസ് ചെയ്തു.

കറുത്ത ജീൻസ് റോസു  കളർ ടി ഷർട്ട്‌ ചേരുന്ന ഷൂ പിന്നെ ഒരു സ്റ്റൈൽ ബാഗും, അപ്പോളാണ് ഞാനും അത് ശ്രദ്ധിച്ചത് എല്ലാ പെണ്‍കുട്ടികളും അവനെ നോക്കി ചിരിച്ചു കൊണ്ട് പോകുന്നു  അവനും അത് ശ്രദ്ധിച്ചു ഞങ്ങൾ വായ പൊളിച്ചു നോക്കി നില്ക്കുന്നത് കണ്ടു "കണ്ടോട എന്റെ  ഗ്ലാമർ -- എവിടെ പോയാലും ഇവറ്റകൾ എന്നെ വിടുന്നില്ല എന്ന പോലെ ഒരു ചിരി ചിരിച്ചു".

ചുള്ളൻ ഭയങ്കര സ്റ്റൈൽ - എന്നിട്ട് എന്റെ  അടുത്ത് വന്നു പറഞ്ഞു "ശ്ശോ എന്റെ ഈ നശിച്ച സൌന്ദര്യം കൊണ്ട് ഞാൻ മടുത്തു കണ്ടില്ലേ എല്ലാ പിള്ളാർക്കും എന്നെ അറിയാം എന്നാ ഒരു ചിരിയാ ചിരിക്കുന്നെ... എനിക്ക് വയ്യ ഒന്നിരിക്കട്ടെ"

പിന്നെയും പോകുന്ന പിള്ളാരെല്ലാം ഇവനെ നോക്കി ചിരിക്കുന്നുണ്ട് ചിലര് മറ്റുള്ളവരോടു  പറഞ്ഞു എല്ലാരും കൂടെ ചിരിക്കുന്നു, പിന്നെ ചിലര് കൂട്ടച്ചിരി അത് വേറെ..
നമ്മുടെ കമല ഹാസ്സൻ ഒന്നുകൂടെ സ്റ്റൈൽ മന്നൻ ആയിട്ട് ഇരിക്കുന്നു
എനിക്ക് എന്തോ ഒരു പന്തികേട്‌ പ്രശ്നം ഞാൻ കണ്ടു പിടിച്ചു അജിയുടെ അടുത്ത് ചെന്ന് പറഞ്ഞു, "ഡാ താഴെ നോക്ക്"

"പോടാ പെണ്‍ പിള്ളേരെല്ലാം ഇവിടെയാ താഴെ ആരാ ഉള്ളേ .. എന്നെ ശല്യം ചെയ്യാതെ".
ഞാൻ മനുവിനെ വിളിച്ചു അവന്റെ കാതിൽ ആ പ്രശ്നം  അവതരിപ്പിച്ചു.
മനു അജിയുടെ അടുത്തേക്ക് ചെന്നു.
"ടാ മനു കണ്ടോടാ നീ നോക്കീട്ടു തിരിഞ്ഞു പോലും നോക്കാത്ത ആ രജനി എന്നെ നോക്കി ചിരിക്കുന്നത്".
സഹികെട്ട മനു ദേഷ്യത്തോടെപറഞ്ഞു "പാന്റിന്റെ സിപ്‌ ഇടാതെ ഇങ്ങനെ നടന്നാൽ നാട് മുഴുവൻ നിന്നെ നോക്കി കൈ തട്ടി ചിരിക്കും"...

അന്ന് അജി ഓടിപ്പോയ വഴിയിൽ  ഇന്നും പുല്ലു മുളച്ചിട്ടില്ല (കാരണം അതെല്ലാം ടാർ ചെയ്തു)..

==============
മനു ഇപ്പോൾ പട്ടാളക്കാരനാണ്‌.
അജി ഒരു MNC Bank  ഉദ്യോഗസ്ഥനും (NRI ആള് ഇപ്പോൾ) 

2013, മേയ് 25, ശനിയാഴ്‌ച

കുട്ടിപ്പെണ്ണ് ഉണ്ണിമോൾ

ഉണ്ണിമോളുടെ ഉത്തരവാദിത്വം

അന്ന് രാവിലെയും സ്കൂളിൽ പോകാൻ തുടങ്ങുമ്പോൾ ഉണ്ണിക്കുട്ടൻ കരഞ്ഞു ബഹളം ഉണ്ടാക്കി  "അമ്മെ ഞാൻ പോകുന്നില്ല... വീട്ടില് നിന്ന് അമ്മയെ സഹായിക്കാം... എനിക്ക് മടിയാ അല്ലേല പശുവിനെ നോക്കിക്കോളാം പ്ലീസ് അച്ഛനോട് പറയെന്നെ.."

അത് കേട്ട് ഉണ്ണിമോൾ പറഞ്ഞു "ചേട്ടൻ എന്താണ് പറയുന്നേ. അച്ഛനും അമ്മയും നമ്മളെ എത്ര കഷ്ടപ്പെട്ടാണ് സ്ചൂളി അയക്കുന്നെന്നു ചെട്ടനരിയുമോ? ഞാൻ സ്ചൂളി പോയി പഠിച്ചു വലിയ ആളായി എന്റെ അച്ഛനും അമ്മയ്ക്കും ഒത്തിരി പൈസ കൊണ്ട് കൊടുക്കും"

LKG യില് പഠിക്കുന്ന ഉണ്ണിമോളുടെ ഉത്തരവാദിത്വബോധം എങ്ങനുണ്ട്?
ഇപ്പോൾ എല്ലാം ആണ്‍കുട്ടികളെക്കാൾ പെണ്‍ കുട്ടികൾ കൂടുതൽ competitive ആണ്....

ഈ ഉണ്ണി മോളുടെ ഒരു കാര്യം 


ഞാൻ ജോലി കഴിഞ്ഞു തിരികെ വരുമ്പോൾ എന്നെ എതിരേറ്റതു വലിയ വായിൽ നിലവിളിച്ചു കൊണ്ടിരിക്കുന്ന ഉണ്ണിമോൾ ആണ്.

അവളുടെ പുറകിൽ എന്റെ പെങ്ങളും ഉണ്ടായിരുന്നു.
അവൾ ചിരിക്കുന്നുണ്ട് നോക്കിയപ്പോൾ പുറകിൽ നിന്ന് എന്റെ അച്ഛനും അമ്മയും എന്റെ അളിയനും എന്റെ ഭാര്യയും എല്ലാം കൂടി ചിരി ചിരിയോ ചിരി ചിരി... കൂട്ടച്ചിരി.
എനിക്ക് ദേഷ്യം വന്നു: "എന്തിനാ എല്ലാരുംകൂടി ഉണ്ണിയെ ഇട്ടു കരയിപ്പിക്കുന്നെ?"
ഉണ്ണിമോൾ പറഞ്ഞു "ങ്ങീ...ങ്ങീ... മ്ഹ്ഹ്... അമ്മാവാ ഈ അമ്മയ്ക്കും അച്ഛനും എന്നോട് ഒട്ടും സ്നേഹം ഇല്ല.."
"അതെന്താ മോളെ അങ്ങനെ പറയുന്നേ" ഞാൻ ചോദിച്ചു.
എന്റെ കല്യാണ ആൽബം എടുത്തു കാട്ടി അവൾ പറഞ്ഞു "അമ്മാവന്റെ കല്യാണത്തിന് എന്നെയും എന്റെ ചേട്ടനെയും ഒക്കെ അമ്മാവൻ വിളിച്ചില്ലേ... ഈ അച്ഛനും അമ്മയും അവരുടെ കല്യാണത്തിന് എന്നെ വിളിച്ചു പോലും ഇല്ല.  ഞാൻ ഇവരോട് പിണക്കമാ".

------ ഈ ഉണ്ണി മോളുടെ ഒരു കാര്യം ----

==========================

കുട്ടിപ്പെണ്ണ് ഉണ്ണിമോൾ -- സ്റ്റാർ ഓഫ് ദി ഡേ 


ഞങ്ങളുടെ നാട്ടിലുള്ള ഒരു ക്ലബ്ബിലെ ഓണാഘോഷങ്ങളുടെ ഭാഗമായി  ചെറിയ കുട്ടികള്ക്കുള്ള ഒരു ഫാൻസി ഡ്രസ്സ്‌  മത്സരം വെച്ചു.
എട്ടു മുതൽ പതിനഞ്ചു വരെയുള്ള പെണ്‍കുട്ടികൾക്കാണ് മത്സരം.
കുട്ടികൾ ഒരുങ്ങി നില്ക്കുന്നത് കണ്ടപ്പോൾ ഉണ്ണിമോൾക്കും പങ്കെടുക്കണം എന്ന് ഭയങ്കര നിര്ബന്ധം. (അവൾക്കു മൂന്നു വയസ്സല്ലേ ഉള്ളൂ) പിന്നെ കരച്ചിലായി പിഴിചിലായി.

അവസാനം ജഡ്ജ്ന്റെ അനുവാദത്തോടെ അവളെ കയറ്റി വിട്ടു
സ്റ്റേജ്ൽ ധൈര്യത്തോടെ കയറിച്ചെന്ന അവളോട്‌ ജഡ്ജ് മാടം ചോദിച്ചു "മോൾ ആരായിട്ടാണ് വേഷം ഇട്ടിരിക്കുന്നത്?"
"ഐ  അം എ സ്കൂൾ ഗേൾ" എന്ന്  ഇംഗ്ലീഷ് അടിച്ചു വിട്ടു.
ചിരിയോടെ ജഡ്ജ് മാടം ചോദിച്ചു "എന്നിട്ട് മോള്ടെ സ്കൂൾ യുണിഫോറം എവിടെ?"
ഒരു കുസൃതി ചിരിയോടെ ആ മിടുക്കി പറഞ്ഞു "അയ്യോ അമ്മുമ്മേ അതിനിപ്പോ ഓണം അല്ലെ -- സ്കൂൾ  അവധിയാ".
അവിടെ ഇരുന്ന എല്ലാരും എഴുനേറ്റു നിന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് കയ്യടിച്ചു --- ചൂളം അടിച്ചു
എന്തായാലും ഞങ്ങടെ കുട്ടിപ്പെണ്ണിനു ജഡ്ജ് മാടം വക ഒരു ചക്കര ഉമ്മയും കുറെ മുട്ടായി കഥാപുസ്തകം ക്രയോന്സ് ഒക്കെ കിട്ടി 

=================
Unnimol Naughty Girl -- Star of the Day
Onam Celebrations 2012
Club Fancy Dress

2013, ഫെബ്രുവരി 10, ഞായറാഴ്‌ച

സാക്ഷാല്‍ മഹാലക്ഷ്മി


അന്നും പതിവുപോലെ ഭാര്യയും അമ്മയും സന്ധ്യക്ക്‌ TV സീരിയല്‍ മുന്‍പില്‍ ഇരുന്നു കൊണ്ട് കരയാനും മൂക്ക് പിഴിയാനും തുടങ്ങി.  ദേഷ്യം ഉള്ളിലടക്കിക്കൊണ്ട് ഞാനും ഒരു മൂലയില്‍ ഇരുന്നുകൊണ്ട് ചുമരിലെ ഫോട്ടോയില്‍ ഇരുന്നു ചിരിക്കുന്ന കള്ളകൃഷ്ണന്‍ നായരുടെ കള്ളച്ചിരി നോക്കിക്കൊണ്ടിരുന്നു.

ഒളികണ്ണിട്ടു അച്ഛനെ നോക്കുമ്പോള്‍ അദ്ദേഹം തന്റെ ഭാഗവതത്തില്‍ അഭയം പ്രാപിച്ചിരുന്നു, എന്തോ പഴയത് പോലെ അദ്ദേഹം ദേഷ്യം വെളിയില്‍ കാണിക്കാറില്ല.  6 മുതല്‍ 6 അര വരെയെങ്കിലും നാമം ജപിച്ചിട്ടു ഈ വിഡ്ഢി പെട്ടിയുടെ മുന്‍പില്‍ ഇരുന്നുകൂടെ എന്ന് ചോദിച്ചാലും രണ്ടു മഹിളാ രത്നങ്ങള്‍ക്കും അനക്കം ഇല്ല... ഇങ്ങനെ ഉണ്ടോ ഒരു സീരിയല്‍ ഭ്രാന്ത്..

പറഞ്ഞു മടുത്തു ഇപ്പോള്‍ പറയാറും ഇല്ല -- പറഞ്ഞിട്ടും പ്രയോജനം ഇല്ല .. അതിന്റെ പേരില്‍ എന്തിനൊരു കുടുംബ കലഹം.. അത് മാത്രമല്ല ഇക്കാര്യത്തിലും അമ്മായിയമ്മയും മരുമകളും ഒരേ കേട്ടിലാണ് -- എന്താ ചെയ്ക?  ഈ കാര്യത്തിലല്ലാതെ വേറെ ഒരു കാര്യത്തിലും രണ്ടു പേരെയും കുറ്റം പറയാനും ഒന്നും ഇല്ല...

സീരിയല്‍ തീരുന്നതിനു മുന്‍പുള്ള കാലഘട്ടം ആണെന്ന് തോന്നുന്നു. അവര് തമ്മില്‍ എന്തൊക്കെ പറയുന്നുണ്ട് മൂക്ക് പിഴിയുന്നുമുണ്ട്..
പെട്ടെന്ന് വാതിലില്‍ ആരോ വിളിക്കുന്ന ശബ്ദം ഒരു കുഞ്ഞിന്റെ കരച്ചിലും കേള്‍ക്കുന്നുണ്ട്...
വാതില്‍ക്കലേക്ക് ഞാനും അമ്മയും കൂടി ഓടി ചെന്നപ്പോള്‍ അടുത്ത വീട്ടിലെ വലിയമ്മയാണ്... അവരുടെ ചുമല്‍ ഒട്ടിച്ചേര്‍ന്നു 3 വയസ്സുള്ള കൊച്ചുമകനും, അവന്‍ കിടുങ്ങി വിറക്കുന്നുണ്ട്‌.. അടുത്ത് ഒരു ഓട്ടോ നില്‍ക്കുന്നു...
അവര്‍ പറഞ്ഞു "മോനെ കുഞ്ഞിനു പനിച്ചു വിറക്കുന്നു, വീട്ടില്‍ വേറെ ആരും ഇല്ല, ഡോക്ടറെ വിളിച്ചപ്പോള്‍ അങ്ങോട്ട്‌ കൊണ്ട് ചെലാന്‍ പറഞ്ഞു... പക്ഷെ എന്റെ കയ്യില്‍ ഓട്ടോക്കുള്ള കാശേ ഉള്ളൂ... കുറച്ചു കാശു തരാമോ? എന്റെ മോന്‍ വന്ന ഉടനെ തിരിച്ചു തരാം."

ഞാന്‍ ഇപ്പോള്‍ തരാം എന്ന് പറഞ്ഞു തിരിച്ചു നടന്നു, ഉടനെ പുറകില്‍ വന്ന ഭാര്യയോടും കാര്യം പറഞ്ഞു.
അതിനിടയില്‍ അമ്മയും മകളും വീണ്ടും എന്റെ പിറകെ വന്നു പറഞ്ഞു.. "ഇന്ന് വെള്ളിയാഴ്ചയല്ലേ? വിക്ക് വച്ച് കഴിഞ്ഞു ഒരു സാധനവും ആര്‍ക്കും കൊടുക്കാന്‍ പാടില്ല ... പൈസ മഹാലക്ഷ്മി അല്ലെ, ഒട്ടും കൊടുക്കരുത് ... ഇല്ലെന്നു പറഞ്ഞുവിട്."

സംഭവം എല്ലാം കണ്ടും കേട്ടും കൊണ്ടിരുന്ന അച്ഛന്‍ എഴുനേറ്റു വാതില്‍ക്കല്‍ പോയിട്ട് ഉടന്‍ തന്നെ 500 രൂപ എടുത്തു ആ വലിയമ്മയുടെ കയ്യില്‍ കൊടുത്തു, അവരെ വഴി അയച്ചു 

തിരികെ വന്നു ശാന്തമായിട്ടു പറഞ്ഞു. "വിക്ക് വെച്ചാല്‍ നാമം ജപിക്കണം വീട്ടില്‍ കണ്ണീരും മൂക്കിലയും പിഴിയരുത് എന്ന് നമുക്കൊരു വിശ്വാസം ഉണ്ട്.  കാരണം ത്രിസ്സന്ധ്യക്ക് സാക്ഷാല്‍ മഹാലക്ഷ്മി വീട്ടില്‍ വരും അപ്പോള്‍ ദേവിയെ ദീപം കാണിച്ചും നാമം ജപിച്ചും വരവെല്‍ക്കണം എന്ന്.  ഇങ്ങനത്തെ സീരിയലുകള്‍ കണ്ടു കണ്ണീരൊഴുക്കി നിങ്ങള്‍ രണ്ടു പേരും ചെയ്യുന്ന ദോഷത്തിന്റെ അത്രയും ദോഷം ആ പിഞ്ചു കുഞ്ഞിനു വേണ്ടി 500 രൂപ കൊടുത്താല്‍ വരുമെങ്കില്‍ ഞാന്‍ അത് സഹിച്ചു 

വായും മൂക്കും പൊത്തിപ്പിടിച്ചു അടിയേറ്റ പോലെ നില്‍ക്കുന്ന രണ്ടു സ്ത്രീ രത്നങ്ങളെയും കണ്ടപ്പോള്‍ എനിക്കെന്റെ അച്ഛനെയോര്‍ത്ത് കൂടുതല്‍ അഭിമാനമാണ് തോന്നിയത്.


=========================
അടിക്കുറിപ്പ് : ഇത് പോലുള്ള സംഭവങ്ങള്‍ എവിടെങ്കിലും തീര്‍ച്ചയായും നടന്നുകാണും എന്ന് ഉറപ്പാണ് ... അത് എല്ലാ സീരിയല്‍ ഭ്രാന്തു കാര്‍ക്കും സമര്‍പ്പിക്കുന്നു

This is a real incident and an experience of my friend...
How TV Serials impact our traditions & Culture

2013, ഫെബ്രുവരി 2, ശനിയാഴ്‌ച

ഒരു പാവം ഇന്ത്യന്‍ പൗരന്റെ ആത്മഗതം


അരിവില കൂടുന്നു
പച്ചക്കറിവില കൂടുന്നു 
ഉള്ളിയുടെ വില കൂടുന്നു.. 
എണ്ണയുടെ വില കൂടുന്നു... 
പാചകവാതകത്തിന്റെ വില കൂടുന്നു... 
ബസ്‌ ചാര്‍ജു കൂടുന്നു.. 
ഓട്ടോ ചാര്‍ജ് കൂടുന്നു
ട്രെയിന്‍ ചാര്‍ജു കൂടുന്നു 
വൈദ്യുതി ചാര്‍ജു കൂടുന്നു.. 
നികുതികള്‍ ചുങ്കങ്ങള്‍ എല്ലാം കൂടുന്നു
കൂടാത്തത് ഒന്ന് മാത്രം. 
മാസാ മാസം ബാങ്ക് അക്കവുണ്ടില്‍ എത്തിപ്പെടുന്ന ശമ്പളം ... 
അത് ഓരോ ദിവസവും കുറയപ്പെടാന്‍ മാത്രം വിധിക്കപ്പെട്ടത് 


>>>> Worries of an Indian Citizen<<<< ഒരു പാവം ഇന്ത്യന്‍ പൗരന്റെ ആത്മഗതം...

2013, ജനുവരി 26, ശനിയാഴ്‌ച

ജീവിത യാഥാര്‍ത്ഥ്യങ്ങള്‍

ആ കുട്ടിയും അവന്റെ അച്ഛനും നല്ല കൂട്ടുകാരായിരുന്നു 
ആ കുട്ടിക്ക് വേറെയും കൂട്ടുകാര്‍ ഉണ്ടായിരുന്നെങ്കിലും
ആ കുട്ടി അവന്റെ അച്ഛനേ വളരെയധികം സ്നേഹിച്ചിരുന്നു 
ആ കുട്ടിക്ക് അവന്റെ അമ്മയോടും ഇഷ്ടമായിരുന്നെങ്കിലും

ആവന്‍ വലുതായി കല്യാണ ആലോചനകള്‍ നടത്തുമ്പോഴും
അവന്‍ അച്ഛനോട് ആലോചിച്ചേ കാര്യങ്ങള്‍ നടത്തിയുള്ളൂ
അവള്‍ അവന്റെ ജീവിതത്തിലേക്ക് കടന്നു വന്നതും
അവരുടെ ലോകബന്ധങ്ങള്‍ മുറിഞ്ഞു ഞെരിഞ്ഞു തകര്‍ന്നു 

ഇതാണ് ജീവിതം ഇങ്ങനെയാണ് മുമ്പോട്ടുള്ള പ്രയാണം
പഴയ വസ്തുക്കള്‍ ചീഞ്ഞു പുതിയതിന് വളമാകുന്നു
ആ വളത്തില്‍ നിന്നും പുതില കുരുക്കള്‍ മുളക്കുന്നു
അവ ഓര്‍ക്കുന്നില്ല നമുക്കും വരും വീഴ്ചയെന്നുള്ള സത്യം

2013, ജനുവരി 12, ശനിയാഴ്‌ച

ഞാന്‍ ഹനുമാന്‍


കുട്ടിക്കാലം മുതലേ എനിക്ക് കഥകള്‍ കേള്‍ക്കാന്‍ വലിയ ഇഷ്ടം ആയിരുന്നു അന്നും ഇന്നും എന്റെ പ്രിയ കഥാപാത്രങ്ങള്‍ ഭഗവാന്‍ ശ്രീ കൃഷ്ണനും പിന്നെ ആനകളും തന്നെ.  പിന്നെ ഹനുമാനും കര്‍ണ്ണനും എന്റെ പ്രിയ കഥാപാത്രങ്ങള്‍ ആയി.
ഇതില്‍ ഹനുമാനെ പറ്റി ആദ്യമായി കഥ പറഞ്ഞു തന്നത് ഞങ്ങളുടെ 3-) മത് ക്ലാസ്സിലെ അക്കാമ്മ ടീച്ചര്‍  ആയിരുന്നു. അന്ന് ഹനുമാന്റെ വാല് നീളുന്നതിനെ പറ്റി പറഞ്ഞ രംഗങ്ങളൊക്കെ ഇന്നും മനസ്സില്‍ നിന്ന് പോകുന്നില്ല തന്നെ.

എന്തായാലും എന്റെ അപ്പുപ്പന് പുരാണ ഇതിഹാസങ്ങളിലൊക്കെ നല്ല ജ്ഞാനം ഉണ്ടായിരുന്നു. (ഒത്തിരി കഥകള്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞു തരുമായിരുന്നു).
എനിക്കെന്തായാലും അപ്പോള്‍ 5 - 6 വയസ്സ് കാണും രാവിലെ അപ്പുപ്പന്‍ ഹനുമാന്‍ സ്വാമി ലങ്കയിലേക്ക് ചാടിയ കഥയാണ്‌ പറഞ്ഞു തന്നത്.  കൂടാതെ അപ്പുപ്പന്‍ വീര അന്ജനേയാരുടെ ധൈര്യം, സ്വാമി ഭക്തി, വീരത ഒക്കെ പറഞ്ഞു തന്നു.

സാധാരണയായി ഊണ് കഴിഞ്ഞു മയങ്ങുന്ന സ്വഭാവം നാട്ടിന്‍പുറത്തെ എല്ലാ കാരണവന്മാര്‍ക്കും ഉള്ളത് പോലെ തന്നെ അപ്പുപ്പനും ഉണ്ടായിരുന്നു. അപ്പുപ്പന്‍ ഉച്ച മയക്കത്തില്‍ ആയിരുന്നപ്പോള്‍ ഞാന്‍ വെളിയിലേക്കിറങ്ങി ചുറ്റി നടന്നു.  എങ്കിലും ഹനുമാന്റെ ചാട്ടം മനസ്സീന്നു പോകുന്നില്ല.
പഴയ വീടിനു രണ്ടു വഴികളുണ്ട്, ഒന്ന് ചെറിയ രണ്ടു മൂന്ന് പടികളുള്ള വഴിയും മറ്റേതു ചെറിയ വണ്ടികള്‍ കയറി വരാനുള്ള വഴിയും. ഈ വണ്ടികള്‍ വരുന്ന വഴിയുടെ വലതു വശത്ത്  ഒരു പഴയ കല്ല്‌ വെട്ടാന്‍ കുഴി ഉണ്ടായിരുന്നു (മഴക്കാലത്ത് അതില്‍ വെള്ളം നിറയും).

ആ കുഴിയുടെ കരയില്‍ നിന്ന് മോണ്ട് "ഞാന്‍ ഹനുമാന്‍""" മറുകരയിലേക്ക് നോക്കി.  മറുകരയില്‍ അതാ ലങ്ക... അടുത്ത് കിടന്ന മടല്‍ എടുത്തു തോളില്‍ വച്ച്... "ജയ് ശ്രീ രാം"എന്ന് മൂന്നു പ്രാവശ്യം പറഞ്ഞു.
എന്നിട്ട് ഉയര്‍ന്നു പൊങ്ങി.. കൊള്ളാം, പൊക്കം വെച്ച് തുടങ്ങി.. പുറകോട്ടു നീങ്ങി, മുന്നോട്ടു ആഞ്ഞു എടുത്തു ചാടി.. ചങ്കും തള്ളി കുഴിയിലേക്ക് വീണു കുറെ നേരത്തേക്ക് എണീക്കാന്‍ പറ്റിയില്ല..
ഞാന്‍ ആദ്യം ഓര്‍ത്തത്‌ അപ്പോള്‍ ഹനുമാന്‍ സ്വാമി യെ പറ്റി ആയിരുന്നു -- അദ്ദേഹം ഇങ്ങനെ വീണിരുന്നെങ്കില്‍ എന്ത് ചെയ്തായേനെ?

മടല്‍ കൊണ്ട് കുത്തിപ്പിടിച്ചു ഞാന്‍ എണീറ്റ്‌  ഭാഗ്യം ആരും കണ്ടില്ല.
പഴയ ചാരത്തിന്റെ പുറകില്‍ എന്നെ പോലുള്ള മഹാന്മാര്‍ക്ക് മാത്രം കയറാവുന്നപോലെ ഒരു വാതിലുണ്ടായിരുന്നു.  അതിലെ കയറി കട്ടിലില്‍ വന്നു കിടന്നു. ശരീരം മുഴുവന്‍ വേദന, അവിടെ ഇവിടെ ഒക്കെ രക്തം വനുന്നു.  അപ്പുപ്പനോ അമ്മാവനോ കണ്ടാല്‍ അടി ഉറപ്പാണേ. വേദന കടിച്ചമര്‍ത്തി.. കാരണം ഞാന്‍ അപ്പോഴും ഹനുമാന്‍ തന്നെ "താഴെ വീണ ഹനുമാന്‍" ആണെന്ന് മാത്രം.

അപ്പോള്‍ അമ്മാവന്‍ കയറി വന്നു, അടുത്തുള്ള കട്ടിലില്‍ കിടന്നു, ഞാന്‍ കിടക്കുന്നത് കണ്ടു എന്നെ വിളിച്ചു "എടാ മോനെ അമ്മാവന്റെ കാല്‍ ഒന്ന് വലിക്കെടാ" എന്ന് പറഞ്ഞു.  ഞാന്‍ കുനിഞ്ഞു കൂടി എണീറ്റു വന്നു തറയില്‍ ഇരുന്നു അമ്മാവന്റെ കാല്‍ വിരലുകള്‍ പിടിച്ചു വലിച്ചു.
ഞാന്‍ കുനിഞ്ഞിരിക്കുന്നത്‌ കണ്ടപ്പോള്‍ അമ്മാവന്‍ എന്നെ പൊക്കി എണീപ്പിച്ചു.
ഇപ്പോള്‍ അടി പൊട്ടും എന്ന് ഞാന്‍ കരുതി. പക്ഷെ എന്റെ അമ്മാവന് വളരെ സങ്കടം ആണ് വന്നത് "അയ്യോ എന്താടാ കുട്ടാ, എവിടാ നീ വീണത്‌?" എന്ന് പറഞ്ഞു കൊണ്ട് എന്നെ പൊക്കി എടുത്തു കൊണ്ടുപോയി ശരീരത്തെ രക്തം ഒക്കെ കഴുകി, മുറിവില്‍ ഒക്കെ ഏതോ പൌഡര്‍ ഒക്കെ ഇട്ടു 
എന്റെ ഹനുമാന്‍ കഥ ഒന്നും ഞാന്‍ അമ്മാവനോട് പറഞ്ഞില്ല. എന്നെ അടുത്ത് കൊണ്ട് വന്നു കട്ടിലില്‍ കിടത്തി.

എന്തായാലും വൈകുന്നേരം ആയപ്പോള്‍ അല്പം പനീക്കോള്‍ ഉണ്ടായതിനാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വലിയമ്മച്ചി പറഞ്ഞത് കേട്ട് അമ്മാവന്‍ എന്നെ എടുത്തു കൊണ്ട് തന്നെ ആശുപത്രിയില്‍ പോയി. ഡോക്ടര്‍ വളരെ സന്തോഷത്തോടു കൂടിത്തന്നെ എന്റെ സ്വന്തം ചന്തിയില്‍ നല്ല ഒരു കുത്തും മേലു മുഴുവന്‍ വെച്ചുകെട്ടും തന്നു. പിന്നെ കയ്പും ചവര്‍പ്പും ഉള്ള കുറെ ഗുളികകളും. അതും അമ്മാവന്‍ തന്നെ എനിക്ക് വൈകിട്ട് കഴിക്കാന്‍ എടുത്തു തന്നു.
അടുത്ത നാള്‍ അമ്മാവന്റെയും അപ്പുപ്പന്റെയും കൈകളില്‍ തൂങ്ങിക്കിടന്നാണ് "ഞാന്‍ ഹനുമാന്‍" ആശുപത്രിയില്‍ പോയത്.

>>> An example shows how the stories and cartoons impacts young kids<<<< I am Hauman