ഇവിടെ വന്നുപോയവർ ...

2011, ഓഗസ്റ്റ് 28, ഞായറാഴ്‌ച

നമുക്കും കിട്ടണം സിക്സ് പാക്

എന്ത് പറയാനാ സുഹൃത്തുക്കളെ എവിടെ നോക്കിയാലും മസിലുള്ള പയ്യന്മാര്‍, കൂടെ ജോലി ചെയ്യുന്നവരൊക്കെ ഫിറ്റ്‌ ആകണം ഫിറ്റ്‌ (മറ്റേ ഫിറ്റ്‌ അല്ല കേട്ടോ, എന്റെ ടീമിലെ പയ്യന്മാരൊക്കെ എന്നെ പോലെതന്നെ പരമ ഡീസന്റ് ആണേ - സത്യം സത്യം സത്യം - എന്റെ കാര്യം)  ആകണം എന്ന് ജപിച്ചുകൊണ്ട്‌ നടക്കുന്നു.  ഈ വര്ഷം ഈ ഫിറ്റ്‌ മന്ത്ര ഞങ്ങടെ HR ഏറ്റെടുത്ത് ഒരു ചെറിയ ജിം ഉണ്ടാക്കിയിട്ടുണ്ട്, കുറെ എക്സര്‍സൈസ് ഉപകരണങ്ങള്‍ കൊണ്ട് വന്നു വെച്ചിട്ടുണ്ട്, ആ വഴിയെ നടക്കാന്‍ വയ്യ, അത്ര കൂട്ടമാനവിടെ,  കൂടാതെ ഞങ്ങളുടെ കമ്പനി കോമ്പവുണ്ടിനുള്ളില്‍ ഒരു ബാറ്റ്മിന്ടന്‍ കോര്‍ട്ടും ഉണ്ടാക്കിത്തന്നു. 
ഞങ്ങടെ ടീമിലെ കുറെ പേര് ഡയിലി അവിടെ പോയി കളിക്കും, പക്ഷെ ഉള്ളത് പറയണമല്ലോ, ഒരു ഫേസ് ബുക്ക്‌ ജോക്ക് വന്നത് സത്യമാണ്, നമ്മള്‍ ആണുങ്ങള്‍ ഒരിക്കലും ആണുങ്ങളെ പ്രോത്സാഹിപ്പിക്കാറില്ല, കാരണം സ്ത്രീ പ്രജകള്‍ ബാറ്റ് കളിക്കുമ്പോള്‍ ഉള്ള കൂട്ടം പുരുഷ പ്രജകള്‍ കളിക്കുമ്പോള്‍ ഇല്ല.
കുറെ മാസങ്ങളായി എന്റെ പാവം ഭാര്യ എന്നോട് പറയാറുണ്ട്‌, എന്റെ ചേട്ടാ, ഒന്ന് വ്യായാമം ചെയ്തുകൂടെ, രാവിലെ എഴുനേറ്റു നടക്കാനെങ്കിലും പോയിക്കൂടെ, അതെങ്ങനാ ജോലി ജോലി എന്ന് പറഞ്ഞു രാവിലെ പോയാല്‍ രാത്രിയിലെ വരൂ, വന്നാലോ ഒന്നുകില്‍ TV അല്ലെങ്കില്‍ കമ്പ്യുടര്‍ ... പിന്നെ ആ പറച്ചില്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു..
എന്ത് പറയാനാ, അവള്‍ക്കു പറഞ്ഞാല്‍ മനസ്സിലാകണ്ടേ, ഈ സല്‍മാന്‍ ഖാനിനെയും ഹൃതിക് രോഷനെയും സുര്യയെയും ഒക്കെ കണ്ടു അവര്‍ക്കും ആശ തോന്നിയിരിക്കാം തന്റെ ഭര്‍ത്താവും ഒരു മസ്സില്‍ മാനോ മസ്സില്‍ ഖാനോ  ഒക്കെ ആകണം എന്ന്.  പക്ഷെ ഇവള്‍ക്കറിയാമോ  ഈ സിങ്കപ്പൂര്‍ സമയത്ത് ജോലിക്ക് പോയി ഇംഗ്ലണ്ട് സമയത്ത് തിരിച്ചു വരുന്നത് വരെ ജോലി ചെയ്തു കഷ്ടപ്പെട്ട് സ്വന്തം ഫാമിലിയെ "കാപ്പാത്തുന്നതിന്റെ" വിഷമം?
ഞാന്‍ വിട്ടു കൊടുക്കാതെ പണ്ട് ഞാന്‍ ചെയ്യുമായിരുന്ന അമ്പതു സൂര്യ നമസ്കാരങ്ങള്‍, എഴുപത്തഞ്ചു സാധാരണ പുഷ് അപ്പ്‌, ഇരുപത്തഞ്ചു നക്കുള്‍ പുഷ് അപ്പ്‌, അമ്പതു സിറ്റ് അപ്പ്‌ അങ്ങനെയുള്ള മഹാകാര്യങ്ങളെ പറ്റി (സത്യമായും ഒരു പത്തു വര്ഷം മുമ്പ് വരെ ചെയ്യുമായിരുന്നു) ഒരു വലിയ ലെക്ചര്‍ കൊടുത്തു അവളുടെ പാതി മടക്കി.  "അല്ലെങ്കിലും ഈ ചേട്ടന്‍ ഞാന്‍ പറയുന്നതൊന്നും കേള്‍ക്കില്ലെന്ന സ്ഥിരം പല്ലവി പറഞ്ഞുകൊണ്ട് അവള്‍ അവളുടെ അടുക്കള സാമ്രാജ്യത്തിലേക്ക് പോയി.
ശരിയാണ്, ഇടക്കിടക്കെന്റെ സ്വന്തം ഫാമിലി പാക്കില്‍ തടവുമ്പോള്‍  (അത്രവലുതല്ലെങ്കിലും) എനിക്ക് തന്നെ തോന്നുന്നുണ്ട്, ഇതല്പം കുറക്കണം എന്ന്; അല്ലെങ്കില്‍ സല്‍മാന്‍ സാറിന്റെ പ്രായമേതുംപോഴേക്കുമിത് ഒരു ജോയിന്റ് ഫാമിലി പായ്ക്ക് ആകും.   കൂടെക്കൂടെ ഞാന്‍ എന്റെ പഴയ വ്യായാമ ദിവസങ്ങളെ പറ്റി ഓര്‍ക്കുന്നുണ്ട്.
അങ്ങനെ ഒരു ദിവസം ഞാന്‍ ഉറക്കെ പ്രഖ്യാപിച്ചു; നാളെ മുതല്‍ ഞാന്‍ വ്യായാമം ചെയ്യാന്‍ തുടങ്ങുന്നു; എന്റെ ഭാര്യ വളരെ സന്തോഷവതിയായി കാണപ്പെട്ടു; എന്റെ പ്രോഗ്രാം ഇങ്ങനെ അറിയിച്ചു ഞാന്‍:
രാവിലെ 6 മണിക്ക് എണീറ്റ്, 25 സൂര്യ നമസ്കാരം, പിന്നെ 25 പുഷ് അപ്പ്‌ പിന്നെ 50 സ്ട്രെട്ച്.
അങ്ങനെ ഉടന്‍ തന്നെ വരാന്‍ പോകുന്ന എന്റെ മസ്സിലുകളെയും താഴ്ന്നു പോകാന്‍ പികുന്ന പാവം വയറിനെയും ഞാന്‍ ഒന്ന് കൂടി നോക്കി. 
ഭയങ്കര സന്തോഷത്തോടു കൂടിത്തന്നെയാണ് ഞാന്‍ ഉറങ്ങാന്‍ പോയത്, പോകുന്നതിനു മുന്‍പുതന്നെ അലാറം സെറ്റ് ചെയ്തു, രാവിലെ എനീക്കന്ടതല്ലേ...
അങ്ങനെ അടുത്തനാള്‍ നേരം പുലര്‍ന്നു, അലാറം അടിച്ചു, ഞാന്‍ ചാടി എഴുനേറ്റു; അടുത്ത് കൂര്‍ക്കം വലിച്ചുറങ്ങുന്ന എന്റെ പോണ്ടാട്ടിയെ അല്പം പുശ്ചത്തോടെ തന്നെ നോക്കിയിട്ട് ഞാന്‍ കാലും മുഖവും ഒക്കെ കഴുകി, ഒരു ഗ്ലാസ്‌ വെള്ളവും കുടിച്ചിട്ട് എന്റെ പരിപാടി തുടങ്ങാന്‍, വീടിന്റെ മട്ടുപ്പാവിലേക്ക്‌ പോയി.
സൂര്യന്‍ ചേട്ടന്‍ ഉദിച്ചു വരുന്നു, ഭഗവാനെ വണങ്ങിക്കൊണ്ട്  സൂര്യ നമസ്കാരം തുടങ്ങി, ഒത്തിരി നാളുകളുടെ ഗ്യാപ്പില്‍ അല്ലെ ചെയ്യുന്നത്, എല്ലാം പതുക്കെ ചെയ്തു തുടങ്ങി, ഇരുപത്തഞ്ചു സൂര്യ നമസ്കാരം ചെയ്യാന്‍ പറ്റുന്നില്ല, വല്ല വിധേനയും ഒരു പത്തു ചെയ്തു കുറച്ചു നേരം ശവാസനം ചെയ്തു... മസില് വരണ്ടേ, പാക്ക് കുരയണ്ടേ എന്നുള്ള ഒരു ഉള്‍വിളി സുരേഷ് ഗോപി സാറ് ഉള്ളിലിരുന്നു പറഞ്ഞു "യു കാന്‍ ദു ഇറ്റ്‌".
പിന്നെയും എണീറ്റ്‌ ബാക്കി സൂര്യ നമസ്കാരം തീര്‍ത്തു; താഴെ വന്നു അല്പം വെള്ളം കുടിച്ചു, പിന്നെ ഒരു പരപ്പന്‍ വ്യായാമ മേള ആയിരുന്നു - അമ്പതു പുഷ് അപ്പും പുഷ്പം പോലെ ചെയ്തു തീര്‍ത്തു.. പിന്നെ സ്ട്രെട്ച് ചെയ്യാന്‍ തുടങ്ങി.. പരപ്പന്‍ പൊളപ്പന്‍ വ്യായാമ കസര്‍ത്ത് - സന്തോഷ്‌ - നീ ഒരു സൂപ്പര്‍ മാന്‍ തന്നെ - മിക്കവാറും നാല്‍പ്പത്തഞ്ചു ദിവസത്തിനുള്ളില്‍ ഫാമിലി പായ്ക്ക് ഒര്രും, കുറച്ചൊക്കെ അകതോട്ടു പോയ മസിലുകള്‍ തിരികെ വരും, പിന്നെ നിന്റെ ടീമിലെ ഹീറോ തന്നെ നീ.  മൂന്നു ഫ്ലോറിലെ പടികളും നീ ഓടിക്കയറും.. ഞാന്‍ അങ്ങനെ രോമാന്ച്ച കഞ്ചുകം അണിഞ്ഞു .. കുറച്ചു റിലാക്സ് ആകാനായി, നേരെ നിലത്തു കിടന്നു, കണ്ണുകള്‍ അടച്ചു ശ്വാസം ഉല്ലിഎക്കു വലിച്ചെടുത്തു പുറത്തേക്കു വിട്ടു.
പെട്ടെന്ന് ഫോണ്‍ റിങ്ങ് ചെയ്യുന്നത് കേട്ടു. ക്ര്നിം ക്ര്നിം... എനിക്ക് ദേഷ്യം വന്നു,  ഇത്ര രാവില ആരെടാ വിളിക്കുന്നത്‌, ഞാന്‍ കൈകള്‍ മുകളിലേക്കു പൊക്കി; അവള് വേണേ ഫോണ്‍ എടുക്കട്ടെ, മോളില്‍ കൊണ്ട് തന്നാല്‍ സംസാരിക്കാം; 
പെട്ടെന്നാരോ കുലുക്കുന്നത് പോലെ തോന്നിയ ഞാന്‍ കണ്ണ് തുറന്നു നോക്കി യപ്പോള്‍ കണ്ടത് "മുകളില്‍ കറങ്ങുന്ന ഫാനും പിന്നെ അലാറം ഓഫു ചെയ്യുന്ന എന്റെ ഭാര്യയെയും  ആണ്" എണീറ്റെ ചേട്ടാ മണി ആരായി, പോയി വ്യായാമം ചെയ്തിട്ട് വാ" 
ഈശ്വര.. അപ്പൊ ഇത് വരെ ഞാന്‍ ചെയ്തതെല്ലാം വെറും സ്വപ്നം ആയിരുന്നൂ....
അഴിഞ്ഞു പോയ കൈലി മുണ്ടും വാരിയുടുത്തു കൊണ്ട് ഞാന്‍ എഴുനേറ്റിരുന്നു എന്റെ ചെറിയ ഫാമിലി പാക്കില്‍ തടവി.  വേറെയെന്തു ചെയ്യാന്‍?


>>> My Six Pack << Family Pack<<< 

2011, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

ശുഭ്രത - വെള്ള നിറത്തെ സ്നേഹിച്ച പെണ്‍കുട്ടി

ശുഭ എന്നായിരുന്നു അവളുടെ പേര്.  ശരിക്കും ശുഭ്രത എന്ന് വേണമെന്ന് പലപ്പോഴും തോന്നും.  വെള്ള വസ്ത്രങ്ങലോടും വെണ്മാനത്തോടും ഇഷ്ടം.  എപ്പോഴും വെള്ള ഹാഫ് സാരിയോ വെള്ള പാവാടയും ബ്ലൌസുമോ വെള്ള ചുരിദാറോ ഒക്കെയേ അവള്‍ ഇടാറുള്ളൂ.  അവള്‍ ഉപയോഗിക്കുന്ന ബെഡ് ഷീറ്റു മുതല്‍ പുസ്തകങ്ങളുടെ പൊതിച്ചിലും കാലണികളും വരെ തൂ വെള്ള നിറം. 
സ്ഥിരമായി ബസ്‌ സ്റ്റോപ്പില്‍ കണ്ടിരുന്ന ആ വെളുത്ത ചെറുപ്പക്കാരനെ അവള്‍ സ്നേഹിച്ചു.  അയാളുടെ വെളുത്ത പല്ല് കാട്ടിയുള്ള ചിരിയില്‍ ആ ശുഭ്ര മനസ്സ് അലിഞ്ഞു പോയി...
ഒടുവില്‍ അയാളുടെ വെള്ളയടിച്ച വീട്ടിലെ കിടപ്പ് മുറിയിലുള്ള വെള്ള ബെഡ് ഷീറ്റ് ഇരിച്ച കട്ടിലില്‍ തന്റെ എല്ലാമെല്ലാം അവനു വേണ്ടി അവള്‍ നല്‍കി...
പിന്നെ കുറെ നാളുകള്‍ കഴിഞ്ഞും അവനെ കാണാതായപ്പോള്‍ തേടിയിറങ്ങിയ അവള്‍ കണ്ടത് വെള്ള ഷര്‍ട്ടും മുണ്ടും അണിഞ്ഞു തന്റെ പുതു മനവാട്ടിയോടൊപ്പം നടന്നു വരുന്ന ആ വെളുംപനെയാണ്.
തന്റെ വയറ്റില്‍ വളരുന്ന ആ ചെറിയ ശുഭ്രതയെ തലോടിക്കൊണ്ട് അവള്‍ എന്ത് ചെയ്യണമെന്നറിയാതെ നിന്ന് പോയി, പിന്നീട് ഒരു തീരുമാനം എടുത്തിട്ടവള്‍ മുന്‍പോട്ടു നടന്നു.
അന്ന് രാത്രി പാഞ്ഞു വന്ന ആംബുലന്‍സിന്റെ വെളുത്ത സീറ്റില്‍ വെളുത്ത ബെഡ് ഷീറ്റുകളില്‍ പൊതിഞ്ഞു ചലനം അറ്റ അവളുടെ വെളുത്ത ശരീരത്തില്‍ വെച്ച പുഷ്പങ്ങള്‍ മുഴുവന്‍ വെളുത്ത റോസുകളും മുല്ലകളും ഓര്‍കിടുകളും ആയിരുന്നു - പക്ഷെ അതൊന്നും അവളറിഞ്ഞില്ല, കാരണം അവളുടെ ആത്മാവ് തിത്യ ശുഭ്രതയുടെ ലോകത്തേക്ക് യാത്രയായിരുന്നു.



>>> Pure White <<< Sad Story <<< Poor girl

2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

പ്രേതാനുഭവങ്ങള്‍ - വിശ്വസിച്ചാലും ഇല്ലെങ്കിലും.

പലര്‍ക്കും ഇത് പോലെ പലതും പറയാനുണ്ടാവും.  എന്തൊക്കെ പറഞ്ഞാലും ചില അമാനുഷിക ശക്തികള്‍ നമുക്ക് ചുറ്റും ഉണ്ടെന്നുള്ളത് സത്യമാണ്. വെയിലിനു നിഴലും, വെളിച്ചത്തിന് ഇരുട്ടും, പകലിനു രാത്രിയും ഉള്ളതുപോലെ ഇതൊക്കെ സത്യം തന്നെ.  പിന്നെ വിശ്വാസം, അതല്ലേ എല്ലാം. 
പലരും എന്നോട് പങ്കുവെച്ച ചില അമ്മനുഷികാനുഭവങ്ങള്‍ ആണിവിടെ ചേര്‍ക്കുന്നത്.
എന്റെ ഒരു കൂട്ടുകാരന്‍ - (ഇവിടെ നേരത്തെ ഒരു പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ച അജിത്‌) പറഞ്ഞ സംഭവം ആണിത്.
ഈ സംഭവം നടക്കുന്നത് 2000 ആണ്ടിലാണ്.  ഞാന്‍ നേരത്തെ ജോലി ചെയ്തിരുന്നത് ഒരു ഡല്‍ഹി ആസ്ഥാന കമ്പനിയുടെ ബാംഗ്ലൂര്‍ റിജിയണല്‍ ഓഫീസ്‌ -ലാണ്.  ഞങ്ങള്‍ താമസിച്ചിരുന്നത് കമ്പനി തന്ന ഒരു രണ്ടു ബെഡ് റൂം അപര്ട്ട്മെന്റില്‍ ആയിരുന്നു.  അത് HAL എയര്‍ പോര്‍ട്ട്‌നു അടുത്തു തന്നെ ആയിരുന്നു. ആ കെട്ടിടം പണി തീരാന്‍ കുറയെ സമയം എടുത്തതായി കേട്ടിട്ടുണ്ട്, ഏഴു നിലകളുള്ള ആ കെട്ടിടത്തിന്റെ ഒന്നാമത്തെ നിലയിലായിരുന്നു ഞങ്ങളുടെ താമസ സ്ഥലം.  ഞങ്ങള്‍ (ഞാനും എന്റെ രണ്ടു കൂട്ടുകാരും - ഒരാള്‍ ബെല്‍ഗാമില്‍ നിന്നും മറ്റെയാള്‍ ബെന്ഗാളില്‍ നിന്നും) പലപ്പോഴും വരാന്‍ ഒത്തിരി താമസിക്കാറുണ്ട്‌... എന്റെ ഈ കൂട്ടുകാരന്‍ എന്നെ കാണാന്‍ ചിലപ്പോഴൊക്കെ വരാറുണ്ട്...
ഞാന്‍  നാട്ടില്‍ പോയിരുന്ന ഒരു സമയം (മറ്റു രണ്ടു പേരും അവരുടെ ബന്ധുക്കളുടെ വീട്ടിലും പോയിരുന്നു) എനിക്ക് അജിയെ അറിയിക്കാന്‍ കഴിഞ്ഞില്ല, രണ്ടു ദിവസം കഴിഞ്ഞു തിരികെ വന്നപ്പോള്‍ അവനെ പോയി കണ്ടു.  ഒരു കുസൃതി ചിരിയോടെ അവന്‍ ചോദിച്ചു "എന്നാ നിങ്ങളുടെ കൂടെ പെണ്ണുങ്ങളും താമസിക്കുന്നുണ്ടോ?".
ഞാന്‍ പറഞ്ഞു "ഞങ്ങള്‍ മൂന്നു പേരും റൂമില്‍ ഇല്ലായിരുന്നു, ഇന്ന് രാവിലെയാണ് വന്നത്, എന്താ പ്രശ്നം?"
അജി "ഞാന്‍ വെള്ളിയാഴ്ച ഒരു 11 മണിക്ക് നിങ്ങടെ റൂമില്‍ വന്നപ്പോള്‍ ഒരു പെണ്ണ് നിങ്ങടെ റൂമില്‍ നിന്നും വന്നു ലിഫ്റ്റില്‍ കയറി പോകുവാന്‍ അങ്ങോട്ട്‌ പോകുന്നത് കണ്ടു".
ഞാന്‍ "അങ്ങനെ വരാന്‍ സാധ്യത ഇല്ല, അവിടെ ലിഫ്റ്റ്‌ കേടാണ്, ആരും യൂസു ചെയ്യുന്നില്ല, പിന്നെ മൂന്നാമത്തെ നിലയിലെ ഫ്ലാറ്റില്‍ മരുന്നുകളും ഒക്കെ വെച്ചിരിക്കുന്നു - അവിടെ ആരും താമസം ഇല്ല, പിന്നെ നിനക്ക് മറ്റവന്മാരെ അറിയില്ലേ, അങ്ങനൊന്നും മോശമായ കാര്യങ്ങള്‍ ചെയ്യില്ല, അതിനുള്ള ഗട്സും അവന്മാര്‍ക്കില്ല."
അവന്‍ "ശരി എന്തെങ്കിലും ആകട്ടെ" പിന്നെ ഞങള്‍ മറ്റു കാര്യങ്ങള്‍ സംസാരിച്ചു.. പിന്നെ മറ്റു വിവരങ്ങള്‍ സംസാരിച്ചു പിരിഞ്ഞു.
പിറ്റേന്ന് കമ്പനിയില്‍ ചെന്ന ഞാന്‍ മറ്റുള്ളവരുമായി ഈ വിഷയം സംസാരിച്ചു, ഇത് പോലെ ഉള്ള അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ടത്രേ...  ചിലര്‍ ഒന്നില്‍ കൂടുതല്‍ സ്ത്രീകളെ കണ്ടിട്ടുണ്ട്. ചിലരെ കാലില്‍ പിടിച്ചു വലിച്ചു വെളിയില്‍ കൊണ്ടിട്ടിട്ടുണ്ട്, ചിലരുടെ തൊണ്ടയില്‍ ഞെക്കിയിട്ടും ഉണ്ടത്രേ.
ആ അപാര്‍ത്മെന്റ്റ് ഒരു പ്രേത ഭാവനമാനെന്നും, അവിടെ ആരും സ്ഥിരമായി താമസിക്കാരും ഇല്ല, കാരണം, ഇങ്ങനത്തെ ഈ അനുഭവങ്ങള്‍ തന്നെ.
എന്താണെന്നറിയില്ല, ആ കമ്പനി ഇപ്പോഴും ആ അപാര്‍ത്മെന്റുകള്‍ വിട്ടിട്ടില്ല.  (ഞാന്‍ ആ കമ്പനിയില്‍ നിന്നും പോന്നിട്ട് എട്ടു വര്‍ഷങ്ങള്‍ ആയി).



>>> Ghost Stories <<< Super natural experiences >>> Believe or not<<<

2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

ഒരു ഇന്റര്‍വ്യൂ അഥവാ അഭിമുഖം

ഇത് വായിച്ചു തുടങ്ങുന്നതിനു മുന്‍പൊരു അപേക്ഷ... എങ്ങനെയോ കഷ്ടകാലം കൊണ്ട് (താങ്കളുടെ) ഈ പോസ്ടിങ്ങു വായിക്കാനായി വന്ന വായനക്കാരാ (രീ) - 50 ശതമാനം സംവരണം ഉള്ളതുകൊണ്ട് ഒരു മുന്‍ ജാമ്യം എടുത്തതാണ്. വായനക്കാരില്‍ ഏതെങ്കിലും അഭിമുഖങ്ങള്‍ എടുത്തവര്‍ക്ക് ഇതുപോലുള്ള അനുഭവങ്ങള്‍ പുതുമയാവില്ല ഒരു പകഷെ ഏതെങ്കിലും കമ്പനിയില്‍ എന്നാല്‍ ഇന്റര്‍വ്യൂ ചെയ്യപ്പെട്ട ആരെങ്കിലും ഇത് വായിച്ചാല്‍ ക്ഷമിക്കുക.. ഇത് നടന്നിന്നിട്ടുള്ള കുറയെ സംഭവങ്ങള്‍ ഉരുട്ടി പുരട്ടി എടുത്തതാണ്. 
ഒരു ഉദ്യോഗാര്‍ഥി വന്നു, നല്ല മഞ്ഞ ഷര്‍ട്ടും ബ്രവുണ്‍  പാന്റും കാലില്‍ വെള്ള ഷൂ അരയില്‍ കറുത്ത ബെല്‍റ്റ്‌ ഈയിടെ ഡിഗ്രി എന്ന തോന്നിയവാസം കഴിഞ്ഞു പരീക്ഷ എന്ന മഹാസംഭവവും കഴിഞ്ഞു വന്ന ഒരു ഒന്നാന്തരം കറുത്ത് തുടുത്ത ഒരു പാണ്ട്യനാട്ടുകാരന്‍ സുന്ദരന്‍.  ആകെക്കൂടെ ഒരു ചെറിയ മൈക്കേല്‍ ജാക്ക്സണ്‍ മണം അടിക്കുന്നത് പോലെ തോന്നി - ഒരു പക്ഷെ എന്റെ തോന്നലാവാം.
കൂടെ ജോലി ചെയ്യുന്ന ഒരു പയ്യന്റെ ബന്ധു ആയതിനാല്‍ ഇന്റര്‍വ്യൂ റൂമില്‍  ഉക്കാറുവാന്‍ (ഇരിക്കാന്‍) പറഞ്ഞു.  ഞാന്‍ കുറച്ചു കഴിഞ്ഞു അകത്തു പോയി പയ്യന്‍ വളരെ ബഹുമാനത്തോടെ തന്നെ എണീറ്റ്‌ നിന്ന് ഒരു ഗുട്മോര്‍നിങ്ങു പറഞ്ഞു.  അത് ഞാനും വരവ് വെച്ചു, ബഹുമാനത്തോടെ തന്നെ.  ഒരു പക്ഷെ നാളെ ഒരു ദിവസം അവനും ഒരു V P സീനിയര്‍ V P അങ്ങനെയൊക്കെ പെരിയ പെരിയ പോസിഷനുകളില്‍ എത്തിയാല്‍ എന്ത് ചെയ്യും.
ശരി അഭിമുഖം തുടങ്ങി, ഞാന്‍ എന്നെ പരിചയപ്പെടുത്തി കമ്പനിയെപ്പറ്റിയും ജോലിയെപ്പറ്റിയും ഒക്കെ ഒരു ക്ലൂ കൊടുത്തു, പിന്നെ, പയ്യനോട് അവനെപ്പറ്റിയുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.  ഏതോ ഗ്രാമത്തിലെ കോളേജ് ന്റെ ഉല്പന്നം ആണെന്ന് മനസ്സിലായി... പയ്യന്‍ മിടുക്കന്‍ തന്നെ എന്നൊരു മുന്‍വിധിയും തോന്നി, അല്‍പ സ്വല്പം spelling  mistake ഉണ്ടെന്നു മനസ്സിലായി .
ഇനി അല്പം പൊതു വിജ്ഞാനം ചോദിച്ചിട്ട് സുബ്ജെക്റ്റ് നെ കുറിച്ചുള്ള അറിവുകള്‍ ചെക്ക് ചെയ്യാം എന്ന് കരുതി.
ഇനി അങ്ങോട്ട്‌ വായിക്കുമ്പോള്‍ ചോദ്യം ഉത്തരം എന്നിങ്ങനെ ഉണ്ടാവും (എളുപ്പത്തിനായി മലയാളത്തില്‍ തന്നെ ചോദ്യോത്തരങ്ങള്‍ നല്‍കിയിട്ടുണ്ട്).
ഞാന്‍ :"തമ്പി ഒരു സ്ഥാപനത്തിന്റെ Assets എന്തൊക്കെയാണ്?"
പയ്യന്‍ :"സാര്‍ അവിടുത്തെ കസേര, മേശ, കംപ്യുട്ടര്‍, മുതലാളിയുടെ കാര്‍ എല്ലാം assets ആണ്".
നല്ല പയ്യന്‍, കുഴപ്പമില്ലാത്ത ജനറല്‍ നോളിജ് ഉണ്ട്.  എനിക്ക് രോമാഞ്ചം തോന്നി.
ഞാന്‍ : "തമ്പി വാറ്റ് (VAT ) എന്ന് പറഞ്ഞാല്‍ എന്താണ്?
പയ്യന്റെ മുഖത്തൊരു കള്ള പുഞ്ചിരി "സാറിനെത്ര കുപ്പി വേണം? ഞങ്ങളുടെ വില്ലേജില്‍ നല്ല വാറ്റ് കിട്ടും" എന്നൊരു അര്‍ഥം ഉണ്ടോന്നൊരു സംശയം തോന്നി.
ഭഗവാനെ എന്ന് മനസ്സില്‍ കരുതിക്കൊണ്ട് തന്നെ ഞാന്‍ ക്ഷമയോടെ VAT എന്നാല്‍ വാല്യൂ ആഡഡ് ടാക്സ് എന്താണെന്ന് പറഞ്ഞു കൊടുത്തു.  എന്റെ ഗുരുവായൂരപ്പാ,
ഞാന്‍ : "തമ്പി accountancy യുടെ ഗോള്‍ഡന്‍ റൂള്‍സ് എന്നാല്‍ എന്താണ്?"
പയ്യന്‍ :"സാര്‍ 3 accounts ഉണ്ട്, നോമിനല്‍ റിയാല്‍ പേര്‍സണല്‍ അങ്ങനെ.  അതില്‍ എന്തൊക്കെ എവിടൊക്കെ ക്രെഡിറ്റ്‌ ചെയ്യണം എന്നും എന്തൊക്കെ എവിടൊക്കെ ഡെബിറ്റ് ചെയ്യണം എന്നും ഉള്ള ചില തങ്കമാന നിയമങ്ങള്‍ ഉണ്ട് സാര്‍, അവയാണ് ഗോള്‍ഡന്‍ റൂള്‍സ്"
എന്റെ കാറ്റ് പോയി ഭഗവാനെ എന്തൊരു ബുദ്ധിയുള്ള പയ്യന്‍.
അവസ്സാനത്തെ ഒരു ചോദ്യം കൂടി ചോദിച്ചു വിട്ടേക്കാം എന്ന് കരുതി.
ഞാന്‍ : "തമ്പി ഒരു expense account എങ്ങനെ നീ post ചെയ്യും?
പയ്യന്‍: "സാര്‍ ഒരു അക്കൗണ്ട്‌ എടുത്തു ഡെബിറ്റ് ചെയ്യും, അടുത്ത അക്കൗണ്ട്‌ എടുത്തു ക്രെഡിറ്റ്‌ ചെയ്യും"
ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ച സംതൃപ്തിയോടെ അവന്‍ ഒന്ന് പുഞ്ചിരിച്ചു.. അവന്റെ ഒരു കൊലച്ചിരി..
ഞാന്‍ :"തമ്പി നീ ഒരു നല്ല ബുദ്ധിയുള്ള പയ്യന്‍ തന്നെ"
പയ്യന്‍ "സാര്‍ അതുതന്നെ എല്ലാവരും പറയുന്നു, എന്റെ ഗ്രാമത്തിലെ എല്ലാവരും അത് പറയുന്നുണ്ട് അതുകൊണ്ടാണ് ഞാന്‍ ഗ്രാമം വിട്ടു പട്ടണത്തില്‍ വന്നു എന്റെ കൂട്ടുകാരന്റെ മാമ വഴി ഇവിടെ കേറാന്‍ നോക്കുന്നത്"
ഞാന്‍ :"തമ്പി നിനക്ക് കംപ്യുട്ടര്‍ ഒക്കെ അറിയാമോ?
പയ്യന്‍ :"കോളേജിലെ കംപ്യുട്ടര്‍ വിദഗ്ധന്‍ തന്നെ ഞാന്‍ ആയിരുന്നു".  മുമ്പില്‍ ഇരുന്ന കംപ്യുട്ടര്‍ കാട്ടി അവന്‍ എനിക്ക് പറഞ്ഞു തന്നു "സാര്‍ ഇത് മോനിടര്‍, ഇത് കീ ബോര്‍ഡ്‌, ഇത് സി പി യൂ" ഞാന്‍ ആദ്യമായി കംപ്യുട്ടര്‍ കാണുന്ന ഒരാളെ പോലെ മിഴിച്ചിരുന്നു.
ഞാന്‍ :"തമ്പി അതല്ല, നിനക്ക് വേര്‍ഡ് എക്സല്‍ ഒക്കെ അറിയാമോ, ഞങ്ങള്‍ ഞങ്ങളുടെ reporting നു എക്സല്‍ ആണ് യൂസു ചെയ്യുന്നത്.
പയ്യന്‍: "സാര്‍ എതു വേര്‍ഡ് വേണം സാറിനു, ഞാന്‍ പറയാം, പിന്നെ എക്സ്എക്സല്‍, എക്സല്‍, എല്‍ എല്ലാം തുണിയുടെ അളവല്ലേ?"
ഞാന്‍ അവിടിരുന്ന വെള്ളം മുഴുവനും മൂന്നു വലിക്കു ഒന്നിച്ചു കുടിച്ചു തീര്‍ത്തു.
ഞാന്‍ :"തമ്പി നിന്റെ ഗ്രാമക്കാര്‍ പറഞ്ഞത് എല്ലാം ശരിയാണ് പക്ഷെ എനിക്ക് തോന്നുതു നീ അമേരിക്കയിലോ മറ്റോ ഒന്ന് ട്രൈ ചെയ്യുന്നതാവും നല്ലത്.  ശരി നിനക്ക് എത്ര സാലറി വേണം?"
പയ്യന്‍ "സാര്‍ എന്റെ അയല്വക്കതുള്ള പയ്യന്‍ 10 ആം ക്ലാസ്സു കഴിഞ്ഞു ദുബായിയില്‍ പോയി 25000 രൂപ ശമ്പളം വാങ്ങുന്നു.  അപ്പോള്‍ ബി കോം പഠിച്ച ഞാന്‍ ഇവിടെ 30000 എങ്കിലും വാങ്ങിയാലെ ശരിയാകത്തുള്ളൂ."
ഞാന്‍ :"ശരി തമ്പി നിന്റെ ഈ കഴിവ് കൊണ്ട് നിനക്ക് അത്രയൊക്കെ വാങ്ങിക്കാം, പക്ഷെ ഒരു മാസത്തെ ശമ്പളം ആണ് ഞാന്‍ ചോദിച്ചത്"
പയ്യന്‍ "സാര്‍ ഞാന്‍ ഒരു മാസത്തെ കാര്യം ആണ് പറഞ്ഞത്. സാറ് പറഞ്ഞത് പോലെ ഞാന്‍ അമേരിക്കയിലും ട്രൈ ചെയ്യുന്നുണ്ട്."
ഞാന്‍ :"ശരി തമ്പി നല്ല കാര്യം, എങ്ങനാണ് നീ ട്രൈ ചെയ്യുന്നത്"
പയ്യന്‍ "സാര്‍ ഞാന്‍ അതൊക്കെ നേരത്തെ തന്നെ ചെയ്തു കഴിഞ്ഞു.  ഒബാമ സാറിനു എന്റെ ബയോ ടാറ്റ ഞാന്‍ തപാല്‍ വഴി അയച്ചു കഴിഞ്ഞു.  ഇനി ഒബാമ സാറ് വിളിക്കുമ്പോള്‍ പോയാല്‍ മതി. ആള് മാറി പോകാതിരിക്കാന്‍ എന്റെ ഒരു ഫോട്ടോയും അയച്ചിട്ടുണ്ട്."
എന്റെ ദൈവമേ എന്നെ അങ്ങ് കൊല്ലു.  എനിക്കിനി ജീവിക്കണ്ട..
ഞാന്‍ "തമ്പി നിന്നെ പോലെ ഒരു ബുദ്ധിമാനും കഴിവുള്ളവനും ആയ പയ്യനെ ഇന്റര്‍വ്യൂ ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷം ഉണ്ട്.  നീ ഒരുയര്‍ന്ന പദവിയില്‍ എത്തിച്ചേരണം"
പയ്യന്‍ "സാര്‍ പക്ഷെ അതിനുള്ളില്‍ അമേരിക്കയില്‍ നിന്നും നല്ല ജോലി കിട്ടിയാല്‍ ഞാന്‍ പോയെന്നിരിക്കും, സാര്‍ ക്ഷമിക്കണം"
എനിക്ക് നില്കാനും ഇരിക്കാനും വയ്യാതായി.  ശരി തമ്പി നീ പോയിട്ട് വാ, മറ്റു വിവരങ്ങള്‍ ഞാന്‍ വിളിച്ചറിയിക്കാം.
ഞാന്‍ എന്ന ഈ പാവം ഇന്ത്യന്‍ പവുരന്‍ "ഇന്ത്യന്‍ ഒബാമ" പോലെ എന്റെ മുന്നില്‍ നിന്ന ആ പയ്യനെ നന്ദി പറഞ്ഞു അയച്ചു.  
ഓടി പോയി കസേരയില്‍ ഇരുന്ന ഞാന്‍ ഇനി ഒരിക്കലും H R വഴി അല്ലാതെ വരുന്ന ആരെയും ഇന്റര്‍ വ്യൂ ചെയ്യില്ല എന്ന ശപഥം എടുത്തു.  എന്തായാലും പിന്നെ ഒരു ആഴ്ച കഴിഞ്ഞേ അടുത്ത ഒരു ഇന്റര്‍വ്യൂ നടത്താനുള്ള ധൈര്യം എനിക്ക് വന്നുള്ളൂ.


>>> Funny interview Experiences<<< Intelligent Candidate