ഇവിടെ വന്നുപോയവർ ...

2012, ഡിസംബർ 16, ഞായറാഴ്‌ച

എന്റെ പ്രിയപ്പെട്ട ശിഷ്യന്‍

എന്റെ കോളേജ് ജീവിതത്തിന്റെ  ഭാഗമായ ഒഴിവു സമയങ്ങളില്‍ (1996) ഞാന്‍ ഹൈ സ്കൂള്‍ കുട്ടികള്‍ക്ക് ട്യുഷന്‍ എടുക്കുമായിരുന്നു. കുറെ ബുദ്ധിമാന്മാരും ബുദ്ധിമതികളും എന്റെ ശിഷ്യ ഗണങ്ങളുടെ കൂട്ടത്തിലുണ്ട്.
കുറച്ചു അബദ്ധങ്ങളും സുബദ്ധങ്ങളും ഉണ്ടായിട്ടുണ്ട് എന്റെ ഭാഗത്തു നിന്നും കുട്ടികളുടെ ഭാഗത്ത്‌ നിന്നും (സത്യം പറയണമല്ലോ).
എന്തായാലും എന്റെ അബദ്ധങ്ങള്‍ പിന്നെ ഒരിക്കല്‍ പറയാം.. 

എന്റെ ഒരു 8-)o ക്ലാസ്സ്‌ ശിഷ്യന്‍ ഉണ്ടായിരുന്നു നല്ല പയ്യന്‍, നല്ല അനുസരണ ഉണ്ട്. ഒരു സാധു ജീവി - വഴക്കാളിയും അല്ല.  നല്ല കുടുംബം നല്ല മാതാ പിതാക്കള്‍. - അവര്‍ക്ക് പയ്യന്‍ നന്നായി പഠിച്ചാല്‍ മാത്രം മതി.
നമ്മുടെ കേരളത്തിലെ പല കുട്ടികളെയും പോലെ ഇംഗ്ലീഷ് അവനും ഒരു ബാലികേറാ മല ആയിരുന്നു.
ആ മലയില്‍ ഉന്തിത്തള്ളി കയറ്റുന്ന പണിയായി എന്റേത്.  എന്തായാലും അവനു എന്നെ ഇഷ്ടപ്പെട്ടു (നമ്മുടെ സ്റ്റൈല്‍ അത്രക്കുണ്ടല്ലോ) എന്റെ "way of teaching" ക്ഷ ങ്ങ ച്ച ഞ്ഞ അങ്ങനെ ഒക്കെ പിടിച്ചു.

ആ ഓണം പരീക്ഷക്ക്‌ 100% മാര്‍ക്ക്‌ കൂടുതല്‍ വാങ്ങി 20 / 50 മാര്‍ക്ക്‌  (കഴിഞ്ഞ ക്ലാസ്സ്‌ പരീക്ഷക്ക്‌ 10 ആയിരുന്നു എന്ന് അര്‍ഥം). ക്രിസ്തുമസ് പരീക്ഷക്ക്‌ ഹാഫ് സെഞ്ച്വറി അടിക്കണം എന്ന ലക്‌ഷ്യം ആയിരുന്നു ഉണ്ടായത് (25/50).

കൂടുതല്‍ തേച്ചാല്‍ (വെളുക്കാന്‍ തേച്ചത്) പാണ്ടായാലോ എന്നൊരു ആലോചന.
ഇടയ്ക്കു ആ കുട്ടിയുടെ അമ്മ പറഞ്ഞു  അവനു അല്പം ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിപ്പിച്ചു കൊടുക്കണം അവന്‍ എങ്ങനെയെങ്ങിലും ഒന്ന് പാസ് ആയിക്കണ്ടാല്‍ മതി - ഇവന്റെ ചേട്ടനും ചേച്ചിയും 10 പാസ്‌ ആയില്ല.  (അത് കേട്ടെനിക്ക് ഒത്തിരി രോമാഞ്ചം ഉണ്ടായി - കാരണം ഒരു അപൂര്‍വ കുടുംബ ജീവിയാണല്ലോ എനിക്ക് ശിഷ്യനായത്  എന്ന് ഓര്‍ത്തു പോയി).

അന്ന് മുതല്‍ ഞാന്‍ ഒരു സുബ്ജെക്റ്റ് കൊടുക്കും അവന്‍ അതെ പറ്റി എഴുതും - അടുത്ത ദിവസം ഞാന്‍ അതിലെ തെറ്റുകള്‍ തിരുത്തി കൊടുക്കും.സ്കൂള്‍ മുതല്‍ എനിക്കിഷ്ടപ്പെട്ട രണ്ടു വിഷയങ്ങള്‍ ആണ് പശുവും (cow) പിന്നെ അശോക മഹാരാജാവും (Emperor Ashoka).
അത് രണ്ടും അടുത്തടുത്ത ദിവസങ്ങളിലായി കൊടുത്തു  അവന്‍ എഴുതി എന്നെ അടുത്ത ദിവസം കാണിച്ചു, കുറച്ചു തെറ്റുകള്‍ ഉണ്ടായിരുന്നു (vocabulary) അല്പം മോശം ആണ്.
അന്ന് ഞാന്‍ അവനോടു പറഞ്ഞു.  രണ്ടു ദിവസം കഴിയുമ്പോള്‍ നിന്റെ നാട്ടിലെ ചേട്ടന്‍മാരോക്കെ വരുന്നില്ലേ.. അവരുടെ മുമ്പില്‍ ഇതില്‍ ഏതെങ്കിലും ഒന്ന് കാണാതെ പറഞ്ഞു കേള്‍പ്പിക്കണം (കാരണം പയ്യന്റെ English success story അങ്ങ് കോട്ടയം വരെ ചെന്നി രിക്കുന്നു).

അന്ന് ബുധനാഴ്ച ആയിരുന്നു. അവന്റെ നാട്ടിലെ ചേട്ടന്മാരും ചേച്ചിമാരും പിന്നെ മറ്റു ചില വയസ്സായവരും ഉലപ്പെടെ 10 പേരുണ്ടായിരുന്നു.
ഞാന്‍ എല്ലാരെയും പരിചയപ്പെട്ടു നല്ല ആള്‍ക്കാര്‍ - നല്ല സ്നേഹമായിത്തന്നെ പെരുമാറി - അങ്ങോട്ടും ഇങ്ങോട്ടും.
ഞാനും എന്റെ ശിഷ്യനും മോഹന്‍ലാല്‍ ഫാനുകളും മറ്റുള്ളവരെല്ലാം മമ്മൂട്ടി ഫാനുകളും എ സി കളും ആയിരുന്നതിനാല്‍ കുറെ ചൂട് വാക്കേറ്റങ്ങളും നടന്നു. ചൂട് ചായ ചൂട്പരിപ്പുവട അങ്ങനെ എന്റെ ശിഷ്യന്റെ അമ്മ കൊണ്ട് തന്നതെല്ലാം ആ ചൂടിനിടയില്‍ നന്നായി കടന്നു പോയി (അകത്തേക്ക്).

അവസാനം ഞാന്‍ എഴുനേറ്റു നിന്ന് പറഞ്ഞു. "എന്റെ മഹാനായ ശിഷ്യന്‍ ഇപ്പോള്‍ രാജാ അശോകനെ പറ്റി നിങ്ങളോട് 5 വരികള്‍ സംസാരിക്കും" എന്ന്.
അല്പം വിറയലോടെ ആണെങ്കിലും അവന്‍ തുടങ്ങി എല്ലാവരും ഓരോ സെന്റെന്‍സ് തീര്ന്നപ്പോഴും കൈതട്ടി പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
അവസാനം കൊണ്ടു ചെന്ന് കുടം ഉടച്ചു - "The Cow Dung of the King Kong was very vast".
പെട്ടെന്നൊരു നിശബ്ദത അവിടെ പൊട്ടി വീണു.  ഞങ്ങള്‍ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി - ചിരിക്കണോ അതോ കൈ തട്ടണോ എന്ന് സംശയം. കാരണം അവന്‍ കൊച്ചു പയ്യന്‍ അല്ലെ?
ഞാന്‍ എണീറ്റ്‌ നിന്ന് ആദ്യം കൈ തട്ടി - മറ്റുള്ളവരും എന്നെ പിന്തുടര്‍ന്നു നന്നായി തന്നെ കൈ തട്ടി.
ഒട്ടും തന്നെ ഇംഗ്ലീഷ് പറയാതിരുന്ന പയ്യന്‍ ഇത്രയും പറഞ്ഞതും -- നാണം കുണുങ്ങി ആയിരുന്ന പയ്യന്‍ (പെണ്‍കുട്ടികള്‍ പോലും ഇവനെക്കാള്‍ ധൈര്യശാലികള്‍ ആയിരുന്നു) ഇത്രയും guts കാണിച്ചല്ലോ എന്നുള്ളതും ആയിരുന്നു ഞങ്ങള്‍ എല്ലാവരും കരുതിയത്‌.
എല്ലാവരും പോയി അവനു കൈ കൊടുത്തു - കെട്ടി പിടി ച്ചു.

അടുത്ത ദിവസം ക്ലാസ്സിനിടയില്‍ അവനു ഞാന്‍ ആ തെറ്റ് കാണിച്ചു കൊടുത്തു, എന്താണ് കാരണം എന്നും ചോദിച്ചു
Cow Essay -ില്‍ ഉണ്ടായിരുന്ന Cow Dung -ഉം Ashoka Essay -ഇല്‍ ഉണ്ടായിരുന്ന Kingdom -ഉം അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോയി.
പിന്നെ Emperor Ashoka അവനു ഉച്ചരിക്കാന്‍ പ്രയാസം കുറച്ചു കൂടി ഒരു നല്ല വാക് തപ്പി എടുത്തു പ്രയോഗിച്ചതാണ് King Kong എന്ന്.

എന്തായാലും വെള്ളിയാഴ്ച ഞങ്ങള്‍ ഒരു സെഷന്‍ കൂടി വെച്ചു.  അന്ന് അവന്‍ രണ്ടു essay കളും തെറ്റില്ലാതെ പറഞ്ഞു കേള്‍പ്പിച്ചു - എല്ലാരുടെയും കയ്യടി വാങ്ങി.
എന്തായാലും അതില്‍ പിന്നെ കക്ഷി നല്ല സീരിയസ് ആയി തന്നെ പഠിച്ചു.  അടുത്ത വര്ഷം ഞാന്‍ വേറെ സ്ഥലത്ത് ജോലി കിട്ടി പോയതിനാല്‍ ഞങ്ങളുടെ ക്ലാസുകള്‍ നിര്‍ത്തേണ്ടി വന്നു.
എന്തായാലും പത്താം ക്ലാസ്സ്‌ നന്നായിത്തന്നെ പഠിച്ചു പാസ്‌ ആയ അവന്‍ ഇപ്പോള്‍ കേരളത്തിനു  എവിടെയോ ജോലി ചെയ്യുന്നുണ്ട് - ഞാന്‍ കണ്ടിട്ട് ഒത്തിരി വര്‍ഷങ്ങള്‍ ആയി.
ദൂരെ ഇരുന്നു കൊണ്ട് എന്റെ ആ പ്രിയ ശിഷ്യന് ഞാന്‍ എല്ലാ മംഗളങ്ങളും നേരുന്നു.
പക്ഷെ ഒന്നറിയാന്‍ ആഗ്രഹിക്കുന്നു എന്റെ approach ശരി ആയിരുന്നോ?

>>> Tution Stories <<< My Dear Student<<<